എടക്കര: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ മൂത്തേടം സ്വദേശിനിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന വിദ്യാർഥിനി പരിക്കുകളോടെ രക്ഷപ്പെട്ടു.
മൂത്തേടം ചെമ്മംതിട്ടയിലെ കറുത്തേടത്ത് ഹുസൈന്റെ മകളും കോഴിക്കോട് ദേവഗിരി കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയുമായ ഫാത്തിമ റിഫയാണ് (20) മരിച്ചത്.
ദേശീയപാത 66 ലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. പെണ്‍കുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഇടിച്ചു. ഇതോടെ സ്കൂട്ടർ മറിയുകയും ഫാത്തിമ റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
ഇരിന്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ വിദ്യാർഥിനിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം നാലോടെ മൂത്തേടത്തെ വീട്ടിലെത്തിച്ച ഫാത്തിമ റിഫയുടെ മൃതദേഹം അഞ്ചോടെ ചെമ്മംതിട്ട ജുമാമസ്ജിദിൽ കബറടക്കി. ജസ്മനയാണ് മാതാവ്. സഹോദരങ്ങൾ: മുഫാസ, ഫറ ഹുസൈൻ.